2014, നവംബർ 28, വെള്ളിയാഴ്‌ച

നീലക്കൊടുവേലി



നീലക്കൊടുവേലി
----------------------------------------
അവൻ കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥയിലെ നീലക്കൊടുവേലി അവന്റെ മനസ്സിൽ മായാതെ കിടന്നു.
അത് കിട്ടിയാൽ പത്തായത്തിൽ നെല്ല് ഒഴിയാതെ ഇരിക്കും. പണപ്പെട്ടിയിൽ എപ്പോഴും ധാരാളം പണം. ആഭരണങ്ങളും കളിപ്പാട്ടങ്ങളും ഇഷ്ടം പോലെ. പലഹാരങ്ങളും വിശേഷപെട്ട വസ്ത്രങ്ങളും എല്ലാ ആഡംബരങ്ങളും.
അവൻ നീലക്കൊടുവേലിയെ സ്വപ്നം കണ്ടു നടന്നു.
എവിടെ കിട്ടും ഈ അത്ഭുത വസ്തു. ഇത് സ്വർഗത്തിൻ വളരുന്ന ചെടിയാണ്. എപ്പോഴും നീല നിറത്തിൽ പ്രകാശിച്ചു കൊണ്ടിരിക്കും. ഒരു കൂട്ടുകാരൻ പറഞ്ഞു. മഴ പെയ്യുമ്പോൾ ചിലപ്പോൾ ഭൂമിയിൽ വീഴും
.
അവൻ നീലക്കൊടുവേലി തേടി നടന്നു. സ്കൂളിൽ പോകാതായി. മറ്റൊന്നിലും ശ്രദ്ധ ഇല്ലാതായി. കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു.
.......  ഭൂമി സ്വയം തിരിയുകയും സൂര്യനെ ചുറ്റുകയും ചെയ്തു കൊണ്ടിരുന്നു. ഋതുക്കൾ മാറിക്കൊണ്ടിരുന്നു.
പല പല മാറ്റങ്ങൾ ലോകത്തുണ്ടായിക്കൊണ്ടിരുന്നു. പക്ഷെ അവൻ അതൊന്നും അറിഞ്ഞില്ല. നീലക്കൊടുവേലി കിട്ടിയാൽ എല്ലാ പ്രശ്നങ്ങളും തീരും. അവൻ സ്വപ്‌നങ്ങൾ നെയ്തു കൊണ്ടിരുന്നു.
ആകാശത്തു മഴമേഘങ്ങൾ കണ്ടാൽ മാനത്തേക്കു കണ്ണും നട്ടിരിക്കും. നീല നിറത്തിൽ പ്രകാശിക്കുന്ന എന്തെങ്കിലും താഴേക്കു വീഴുന്നുണ്ടൊ.
അവനിപ്പോഴും തേടിക്കൊണ്ടേയിരിക്കുന്നു. നീലക്കൊടുവേലിക്കു വേണ്ടി. എന്നെങ്കിലും കിട്ടാതിരിക്കില്ല.


 (നാളെ നാളെ നാളെ. നാളെയാണു നറുക്കെടുപ്പ് .)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ