2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

സുകൃത ക്ഷയം



സുകൃത ക്ഷയം

----------------------
എല്ലാത്തിനും ഒരു കാരണം ഉണ്ടാവണം. അതാണ്‌ ശാസ്ത്രത്തിന്റെ നിയമം. പക്ഷെ എല്ലായ്പോഴും നമുക്ക് കാരണം കണ്ടുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല. അത് നമ്മുടെ അറിവുകേട്‌. പക്ഷെ നമ്മൾ വിട്ടുകൊടുക്കില്ല. നമുക്കുണ്ടാകുന്ന വിഷമങ്ങൾകെല്ലാം നാം കാരണം കണ്ടു പിടിച്ചിട്ടുണ്ട്.


  • ·         ദൈവത്തെ മാനിക്കാത്തവന് സംഭവിക്കുന്ന അനിഷ്ടങ്ങൾ ദൈവ കോപം കൊണ്ടു ഉണ്ടാകുന്നത്. .......
  • ·         കിട്ടാമായിരുന്നത് കൈവിട്ടു പോകുന്നത് ഭാഗ്യദോഷം കൊണ്ട്.................
  • ·         രക്ഷയില്ലാത്ത കഷ്ടതകൾ തലേവര കൊണ്ടാണ് മാറ്റാൻ പറ്റില്ല...............
  • ·         തൽക്കാലത്തേക്ക് സംഭവിക്കുന്ന അനിഷ്ടങ്ങൾ സമയ ദോഷം കൊണ്ട്… സമയം ശരിയാകുംപോൾ മാറും............... ( കാലക്കേട് )
  • ·         ഒരു കാലഘട്ടത്തേക്കുണ്ടാകുന്ന കഷ്ടപ്പാടുകൾ ഗ്രഹപ്പിഴ കൊണ്ടുണ്ടാകുന്നതാണ്… ഗ്രഹങ്ങളുടെ സ്ഥാനം മാറുമ്പോൾ ചിലപ്പോൾ ശരിയാകും. ചിലപ്പോൾ  നല്ല കാലവും  വരാം............
  • ·         കൈയിലിരുപ്പ് നന്നല്ലെങ്കിൽ എങ്ങിനെ ഗുണം പിടിക്കും.  കർമ്മ ദോഷം……….
  • ·         മുതിർന്നവരെ മാനിക്കാത്തവൻ കുരുത്തം കേട്ടവനാണ്. ഗതി പിടിക്കില്ല..............
  • ·         എന്നിട്ടും കാരണം കണ്ടുപിടിച്ചില്ലെങ്കിൽ മുജ്ജെന്മ പാപം.............. ( ഒരു  തെളിവും കിട്ടില്ല)
  • ·         അതുമല്ലെങ്കിൽ ജ്യോൽസ്യന്റടുത്തു പോയാൽ അറിയാം….. സര്പ്പ കോപം. പൂർവികരുടെ ശാപം. കുടുംബ ദൈവത്തിന്റെ കോപം…….. (പ്രതിവിധിയുണ്ട്. ശരിക്ക് കാശു ചെലവാക്കിയാൽ മതി) 
  • ·         എന്ത് ചെയ്യാം സുകൃത ക്ഷയം....................

അഹംഭാവം



അഹംഭാവം
-----------------
ഞാൻ ആര്…..   
അനാദികാലം തൊട്ടേ മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് "ഞാൻ" ആരെന്നു. ഭൗതിക ശരീരത്തിന്നതീതമായി വർത്തിക്കുന്ന ഒരു പ്രതിഭാസമാണ് "ഞാൻ" എന്ന് ഇപ്പോഴും പൊതുവെ വിശ്വസിക്കുന്നു. അതിൽ നിന്നാണ് ആത്മാവ്‌, പുനർജ്ജന്മം,  മരണാനന്തര സ്വർഗ്ഗ നരക ജീവിതങ്ങൾ എല്ലാം ഭാവന ചെയ്യപെട്ടത്‌.

ആരാണ് ഞാൻ…. എനിക്കിവിടെ എന്ത് കാര്യം.

മറ്റുള്ളവരിൽ നിന്നും അല്ലെങ്കിൽ മറ്റുള്ള എല്ലാ വസ്തുക്കളിൽ നിന്നും വ്യത്യാസപെട്ടാണ് നാം സ്വയം കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത്. സ്വന്തം ശരീരം സംരക്ഷിക്കുകയും, അറിവ് നേടുകയും, വ്യക്തിത്വം ഉണ്ടാക്കുകയും, നേട്ടങ്ങൾ ഉണ്ടാക്കുകയും എല്ലാം ചെയ്യാനുള്ള പ്രവണത.

അതാണ്‌ അഹം എന്ന ഞാൻ.

ഒരു കുഞ്ഞു ജനിച്ചു, വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചുറ്റുപാടും ഉള്ള വസ്തുക്കള എത്തി പിടിക്കുന്നു , കൈയിലെടുത്തു പരിശോധിക്കുന്നു  മണത്തും കടിച്ചും നോക്കുന്നു. അങ്ങിനെ ഓരോന്നിന്റെയും രൂപം, ഭാരം, വലിപ്പം, രുചി,, മണം എല്ലാം തലച്ചോറിൽ രേഖപ്പെടുത്തുന്നു.

സ്വന്തം ശരീരത്തിൽ സ്പർശിക്കുംപോൾ മറ്റു വസ്തുക്കളിൽ തൊടുംപോഴുണ്ടാകുന്നതിൽ നിന്നും വ്യത്യസ്ഥമായ അനുഭവം..  ഒരേ സമയം തന്നെ കൈയിൽ  അനുഭവപ്പെടുന്ന സ്പർശനം കൂടാതെ തൊടുന്ന ശരീര ഭാഗത്തുണ്ടാകുന്ന സ്പർശനവും തിരിച്ചറിയുന്നു. സ്വന്തം ശരീരത്തെ  അങ്ങിനെ വേർതിരിച്ചു മനസ്സിലാക്കി തുടങ്ങും.. വിശപ്പു, തണുപ്പ്, വേദന, ആഗ്രഹങ്ങൾ എന്റേത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുന്നു. അങ്ങിനെ ഞാൻ എന്ന അഹംബോധം രൂപപ്പെടുന്നു..  പഞ്ചേന്ദ്രിയങ്ങൾ വഴി അനുഭവപ്പെടുന്ന കാര്യങ്ങല്ക്കെല്ലാം ഞാൻ ആണ് താരം. ചെയ്യുന്ന പ്രവർത്തികൾക്ക് ഞാൻ ആണ് കര്ത്താവ്. ഞാൻ കണ്ടു, ഞാൻ കേട്ടു , ഞാൻ ആഹാരം കഴിക്കുന്നു, തുടങ്ങി. ഇതു എന്റേത്, അത് എനിക്ക് വേണം,  തുടങ്ങിയ അവകാശങ്ങൾ ഉണ്ടാകുന്നു.

ജനനം മുതൽ തലച്ചോറിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളും വിജ്ഞാനങ്ങളും ആണ് വ്യക്തിത്വത്തെ രൂപപെടുത്തുന്നത്. മാതാപിതാക്കളിൽ നിന്നും,  അദ്ധ്യാപകരിൽനിന്നും,  കലാലയങ്ങലിൽനിന്നും എല്ലാം കിട്ടുന്ന പാഠങ്ങൾ, പെരുമാറ്റ ചട്ടങ്ങൾ, അനുഭവങ്ങൾ എല്ലാം വ്യക്തിത്വ രൂപീകരണത്തിനു പ്രധാന ഘടകങ്ങളാണ്.

കാര്യങ്ങൾ വിശകലനം ചെയ്യാനും തിരസ്കരിക്കാനും ഉള്ള കഴിവും ബുദ്ധിയും ഉണ്ടാകും മുൻപ് അടിച്ചേല്പിക്കപ്പെടുന്ന പെരുമാറ്റ ചട്ടങ്ങൾ ആയിരിക്കും തലച്ചോറിൽ വേരൂന്നി നിൽക്കുന്നത്. മത വിശ്വാസവും, കുടുംബ ബന്ധങ്ങളും,  ആദ്യ കാല ചുറ്റുപാടുകളും, അനുഭവങ്ങളും എല്ലാം അങ്ങിനെയാണ് വ്യക്തിത്വത്തിലും മനസ്സാക്ഷി രൂപപ്പെടുന്നതിനും കാരണമാകുന്നത്. ഈ പ്രായത്തിൽ അവര്ക്ക് നല്ല ശീലങ്ങളും, സാമുഹ്യ ബോധവും മറ്റും  വളർത്തിയെടുക്കണം. പിൽക്കാലത്ത് ദുഷ് പ്രവർത്തികൾ ചെയ്യേണ്ടിവരുമ്പോൾ,  പഴയ സദാചാര പാഠങ്ങൾ, മനസ്സാക്ഷിയായി മനസ്സിൽ പ്രത്യക്ഷപ്പെട്ടു വിലക്കാറുണ്ട്.

ജീവനും ആത്മാവും മനസ്സും എല്ലാം ഉള്ള ഞാൻ എന്ന വ്യക്തി അങ്ങിനെ ഉണ്ടാകുന്നു. എനിക്ക് ശേഷം പ്രളയം എന്ന അഹന്തയോടെ, “ഞാൻ,  എന്റേത്, എനിക്ക് എന്നുള്ള സ്വാർത്ഥ ചിന്തയോടെ, അഹങ്കാരത്തോടെ,  തന്റേടത്തോടെ, ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ ജീവിച്ചു തീർക്കാൻ. എല്ലാം സ്വന്തമാക്കി എന്ന അഹം ഭാവത്തോടെ ജീവിച്ചു മരിക്കാൻ.
അഹം ബ്രഹ്മാസ്മി.

നിയോഗം



നിയോഗം
------------
പത്തു മാസം ചുമന്നതിന്റെയും നൊന്തു പെറ്റതിന്റെയും കണക്കു മക്കളോട് പറഞ്ഞിട്ടില്ലാത്ത അമ്മമാർ കണ്ടേക്കാം. ഒരു പക്ഷെ മക്കൾ പറയിപ്പിക്കുന്നതായിരിക്കും. ഞാൻ ആവശ്യപ്പെട്ടിട്ടാണോ എന്ന് തിരിച്ചു ചോദിക്കുന്ന മക്കളും കാണും. ശരിയല്ലേ ?  ഇതൊന്നും കണക്കു പറയേണ്ട കാര്യങ്ങളല്ല. പ്രകൃതിയുടെ നിയോഗങ്ങളാണ്. മക്കളെ പെറ്റു വളർത്തുന്നതും അവരെ സ്നേഹിക്കുന്നതും, അവർക്കു വേണ്ടി ജീവിക്കുന്നതും എല്ലാം.
അതു  പോലെ മക്കൾ മാതാപിതാക്കളെ സ്നേഹിക്കുന്നതും സഹായിക്കുന്നതും  സുശ്രുഷിക്കുന്നതും കടമയല്ല അതും നിയോഗമാണ്. മനസ്സിൽ നിന്ന് ഉണ്ടാകേണ്ട പ്രേരണയാണ്.
ഇതിൽ mathematics  ഇല്ല.

ചിരിക്കുന്ന മൃഗം



ചിരിക്കുന്ന മൃഗം
=============
മനുഷ്യർ ചിരിക്കാൻ കഴിയുന്ന ജീവി. മറ്റു ചില ജീവികളും ചിരിക്കുന്നുണ്ടെന്നു പറയപ്പെടുന്നു. മറ്റു ജീവികളും ചിരിക്കുകയും കരയുകയും സ്വപ്നം കാണുകയും ഒക്കെ ചെയ്യുന്നുണ്ടാകും.

ചിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണത്രേ. ആശുപത്രികളിൽ ചിരി ക്ലിനിക് വിഭാഗം തുടങ്ങുന്നത് നല്ലതായിരിക്കും. കടുത്ത നിയന്ത്രണത്തിലും മറ്റും  വളർന്നു വരുന്നവർക്ക് ചിരിയും തമാശകളും മറ്റും അർത്ഥമില്ലായ്മയായി അനുഭവപ്പെടാം. നമുക്ക്  ചിരിക്കാൻ കിട്ടുന്ന  എല്ലാ   അവസരങ്ങളിലും ചിരിക്കു. (വെറുതെ ചിരിച്ചു കൊണ്ട് നടന്നാലും പ്രശ്നമാണ്.. ആൾക്കാർ ചെമ്പരത്തിപൂവ് ആന്വേഷിക്കും.)

 എന്തിനാണ് ചിരിക്കുന്നതു.? എങ്ങിനെയൊക്കെ ചിരിക്കാം.?
നമ്മൾ ദിവസവും ഏതെല്ലാം തരത്തിലുള്ള ചിരികളാണ് കാണുന്നത്.

  • ·         കുഞ്ഞുങ്ങളുടെ മോണ കാട്ടിയുള്ള നിഷ്കളങ്കമായ ചിരി…. അതിനു തുല്യമായി ഒന്നും ഇല്ല.
  • ·         കുട്ടികൾ കളിച്ചു തിമിർക്കുമ്പോഴുള്ള ആഹ്ലാദ ചിരി.
  • ·         തമാശ കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ നിയന്ത്രിക്കാൻ പറ്റാത്ത യഥാർത്ത ചിരി. പൊട്ടിച്ചിരി. ഓർത്തോർത്തു ചിരിക്കാം. ശ്വാസം കിട്ടാതെ ചിരിച്ചു മരിച്ചവരും ഉണ്ട്.
  • ·         ഇക്കിളി ഇടുമ്പോൾ ചിരി വരാത്തവരില്ല.
  • ·         ആഭാസന്മാരുടെ അട്ടഹാസചിരി..
  • ·         ക്രൂരന്മാരുടെ കൊലച്ചിരി.
  • ·         പൂവാലന്മാരുടെ പഞ്ചാരച്ചിരി.
  • ·         രാഷ്ട്ര നേതാക്കൾ തമ്മിൽ കാണുംപോഴുള്ള  ആചാരച്ചിരി.
  • ·         കൂട്ടുകാർ തമ്മിൽ കാണുമ്പോഴുള്ള സൗഹൃദച്ചിരി.
  • ·         പാര വയ്പിനുള്ള പാരച്ചിരി.
  • ·         അർത്ഥഗർഭമായ  ചിരി,
  • ·         കളിയാക്കി ചിരി.
  • ·         അപ്പൂപ്പന്റെ പല്ലില്ലാത്ത മോണ കാട്ടിയുള്ള വാത്സല്യച്ചിരി.
  • ·         ചിരിക്കാൻ വേണ്ടിയുള്ള ചിരി.
  • ·         celebrity കൾ  അവാർഡു ദാന ചടങ്ങുകൾക്കും മറ്റും മുഖത്തെ മേയ്ക്ക് അപ്പും  ഗ്ലാമറും പോകാതെ ചിരിക്കുന്ന വിശേഷച്ചിരി
  • ·         പിന്നെയും ചിരികൾ ധാരാളം.
  • ·          

എന്തിനാണ് ചിരിക്കുന്നതെന്നു ചോദിക്കുന്നതിനേക്കാൾ, ചിരികാതിരുക്കുന്നത് എന്തിനാണ്  എന്ന് ചോദിക്കുന്നതാണ് ഭേദം. മസ്സിൽ പിടിച്ചിരിക്കാതെ ചിരിച്ചു കൊണ്ടിരിക്കണം. ചുറ്റിലും അതിന്റെ പ്രകാശം പരക്കട്ടെ.