2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

അഹംഭാവം



അഹംഭാവം
-----------------
ഞാൻ ആര്…..   
അനാദികാലം തൊട്ടേ മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് "ഞാൻ" ആരെന്നു. ഭൗതിക ശരീരത്തിന്നതീതമായി വർത്തിക്കുന്ന ഒരു പ്രതിഭാസമാണ് "ഞാൻ" എന്ന് ഇപ്പോഴും പൊതുവെ വിശ്വസിക്കുന്നു. അതിൽ നിന്നാണ് ആത്മാവ്‌, പുനർജ്ജന്മം,  മരണാനന്തര സ്വർഗ്ഗ നരക ജീവിതങ്ങൾ എല്ലാം ഭാവന ചെയ്യപെട്ടത്‌.

ആരാണ് ഞാൻ…. എനിക്കിവിടെ എന്ത് കാര്യം.

മറ്റുള്ളവരിൽ നിന്നും അല്ലെങ്കിൽ മറ്റുള്ള എല്ലാ വസ്തുക്കളിൽ നിന്നും വ്യത്യാസപെട്ടാണ് നാം സ്വയം കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത്. സ്വന്തം ശരീരം സംരക്ഷിക്കുകയും, അറിവ് നേടുകയും, വ്യക്തിത്വം ഉണ്ടാക്കുകയും, നേട്ടങ്ങൾ ഉണ്ടാക്കുകയും എല്ലാം ചെയ്യാനുള്ള പ്രവണത.

അതാണ്‌ അഹം എന്ന ഞാൻ.

ഒരു കുഞ്ഞു ജനിച്ചു, വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ ചുറ്റുപാടും ഉള്ള വസ്തുക്കള എത്തി പിടിക്കുന്നു , കൈയിലെടുത്തു പരിശോധിക്കുന്നു  മണത്തും കടിച്ചും നോക്കുന്നു. അങ്ങിനെ ഓരോന്നിന്റെയും രൂപം, ഭാരം, വലിപ്പം, രുചി,, മണം എല്ലാം തലച്ചോറിൽ രേഖപ്പെടുത്തുന്നു.

സ്വന്തം ശരീരത്തിൽ സ്പർശിക്കുംപോൾ മറ്റു വസ്തുക്കളിൽ തൊടുംപോഴുണ്ടാകുന്നതിൽ നിന്നും വ്യത്യസ്ഥമായ അനുഭവം..  ഒരേ സമയം തന്നെ കൈയിൽ  അനുഭവപ്പെടുന്ന സ്പർശനം കൂടാതെ തൊടുന്ന ശരീര ഭാഗത്തുണ്ടാകുന്ന സ്പർശനവും തിരിച്ചറിയുന്നു. സ്വന്തം ശരീരത്തെ  അങ്ങിനെ വേർതിരിച്ചു മനസ്സിലാക്കി തുടങ്ങും.. വിശപ്പു, തണുപ്പ്, വേദന, ആഗ്രഹങ്ങൾ എന്റേത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുന്നു. അങ്ങിനെ ഞാൻ എന്ന അഹംബോധം രൂപപ്പെടുന്നു..  പഞ്ചേന്ദ്രിയങ്ങൾ വഴി അനുഭവപ്പെടുന്ന കാര്യങ്ങല്ക്കെല്ലാം ഞാൻ ആണ് താരം. ചെയ്യുന്ന പ്രവർത്തികൾക്ക് ഞാൻ ആണ് കര്ത്താവ്. ഞാൻ കണ്ടു, ഞാൻ കേട്ടു , ഞാൻ ആഹാരം കഴിക്കുന്നു, തുടങ്ങി. ഇതു എന്റേത്, അത് എനിക്ക് വേണം,  തുടങ്ങിയ അവകാശങ്ങൾ ഉണ്ടാകുന്നു.

ജനനം മുതൽ തലച്ചോറിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളും വിജ്ഞാനങ്ങളും ആണ് വ്യക്തിത്വത്തെ രൂപപെടുത്തുന്നത്. മാതാപിതാക്കളിൽ നിന്നും,  അദ്ധ്യാപകരിൽനിന്നും,  കലാലയങ്ങലിൽനിന്നും എല്ലാം കിട്ടുന്ന പാഠങ്ങൾ, പെരുമാറ്റ ചട്ടങ്ങൾ, അനുഭവങ്ങൾ എല്ലാം വ്യക്തിത്വ രൂപീകരണത്തിനു പ്രധാന ഘടകങ്ങളാണ്.

കാര്യങ്ങൾ വിശകലനം ചെയ്യാനും തിരസ്കരിക്കാനും ഉള്ള കഴിവും ബുദ്ധിയും ഉണ്ടാകും മുൻപ് അടിച്ചേല്പിക്കപ്പെടുന്ന പെരുമാറ്റ ചട്ടങ്ങൾ ആയിരിക്കും തലച്ചോറിൽ വേരൂന്നി നിൽക്കുന്നത്. മത വിശ്വാസവും, കുടുംബ ബന്ധങ്ങളും,  ആദ്യ കാല ചുറ്റുപാടുകളും, അനുഭവങ്ങളും എല്ലാം അങ്ങിനെയാണ് വ്യക്തിത്വത്തിലും മനസ്സാക്ഷി രൂപപ്പെടുന്നതിനും കാരണമാകുന്നത്. ഈ പ്രായത്തിൽ അവര്ക്ക് നല്ല ശീലങ്ങളും, സാമുഹ്യ ബോധവും മറ്റും  വളർത്തിയെടുക്കണം. പിൽക്കാലത്ത് ദുഷ് പ്രവർത്തികൾ ചെയ്യേണ്ടിവരുമ്പോൾ,  പഴയ സദാചാര പാഠങ്ങൾ, മനസ്സാക്ഷിയായി മനസ്സിൽ പ്രത്യക്ഷപ്പെട്ടു വിലക്കാറുണ്ട്.

ജീവനും ആത്മാവും മനസ്സും എല്ലാം ഉള്ള ഞാൻ എന്ന വ്യക്തി അങ്ങിനെ ഉണ്ടാകുന്നു. എനിക്ക് ശേഷം പ്രളയം എന്ന അഹന്തയോടെ, “ഞാൻ,  എന്റേത്, എനിക്ക് എന്നുള്ള സ്വാർത്ഥ ചിന്തയോടെ, അഹങ്കാരത്തോടെ,  തന്റേടത്തോടെ, ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ ജീവിച്ചു തീർക്കാൻ. എല്ലാം സ്വന്തമാക്കി എന്ന അഹം ഭാവത്തോടെ ജീവിച്ചു മരിക്കാൻ.
അഹം ബ്രഹ്മാസ്മി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ