2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുറുക്കാൻ

മുറുക്കാൻ 
==============
മുറുക്കി ചുവന്നതോ
മാരൻ മുത്തി ചുവപ്പിച്ചതോ
മുറ്റത്തെ പൂവേ
മുക്കുറ്റി പൂവേ
മുത്തണി പൊന്മണി ചുണ്ട്
നിന്റെ മൂവന്തി
ചോപ്പുള്ള ചുണ്ട്

നാലും കൂട്ടി മുറുക്കുന്നത് ഒരു കാലത്ത് നമ്മുടെ നാട്ടിൽ പൊതു ശീലം ആയിരുന്നു. അന്നൊക്കെ അതിഥികളെ സൽകരിക്കുന്നതു മുറുക്കാൻ കൊടുത്തായിരുന്നു. വിവാഹം, മരണം, തുടങ്ങി അതിഥികൾ കൂടുന്ന ഇടത്തെല്ലാം മുറുക്കിനു വേണ്ട സാധനങ്ങളെല്ലാം വച്ചിട്ടുണ്ടാവും. വെറ്റില, ചുണ്ണാമ്പു, അടക്കാ, പുകയില, പിന്നെ പാക്കുവെട്ടി. ആളുകൾ സംസാരിക്കുന്നതിനിടയിൽ മുറുക്കുന്നത് കാണാം. അത് പോലെ ആഹാരം കഴിയുമ്പോൾ.. ചിലർ ഏതു സമയത്തും ചവച്ചു കൊണ്ടിരിക്കും. വായ് നിറയെ മുറിക്കിയ തുപ്പൽ ശേഖരിച്ചു വെച്ച് കൊണ്ടായിരിക്കും സംസാരം. അവരെ കോളാമ്പികൾ എന്നു വിളിക്കാം. അവർ സംസാരിക്കുമ്പോൾ അല്പം ദൂരേക്ക് മാറി നിന്നാൽ നല്ലതാണ്.
മുറുക്കുന്നതിനു ചില ചടങ്ങുകളൊക്കെയുണ്ട്. ആദ്യം നല്ല വെറ്റില നോക്കി തിരഞ്ഞെടുക്കും. രണ്ടു വശവും കൈകൊണ്ടു തടവും. വെറ്റിലയുടെ വാലറ്റം മുറിച്ചു ചെന്നിയിൽ ഒട്ടിക്കും. വെറ്റില ഞെട്ടു മുറിച്ചു മാറ്റി നഖം കൊണ്ട് നരമ്പെല്ലാം ചിരണ്ടികളയും. ഇടതു കൈ വെള്ളയിൽ വെറ്റില കമഴ്ത്തി നിവര്ത്തി പിടിച്ചു വലതു കൈയുടെ നടുവിരലിൽ ചുണ്ണാമ്പെടുത്തു വെറ്റിലയുടെ പുറകു വശത്തു തേക്കും. എന്നിട്ട് ആദ്യം നെടുകെ മടക്കും. പിന്നെ കുറുകെ നാലായി മടക്കും. ഇത് ഇടത്ത് കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനും ഇടയ്ക്കു അമര്ത്തി വച്ചിട്ട് അടക്കയിലേക്ക് ശ്രദ്ധ തിരിക്കാം..
പാക്ക് വെട്ടി കൊണ്ട് അടക്കയുടെ തോട് കളഞ്ഞ് പുറം ചെത്തി വൃത്തിയാക്കുന്നു. ആവശ്യത്തിനുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒപ്പം മടക്കി വച്ചിരിക്കുന്ന വെറ്റിലയും കൂടി വായിലേക്കിടുന്നു. ചവ ആരംഭിക്കാം. പുകയില വേണ്ടവര്ക്ക് ആവശ്യത്തിനു പുകയില മുറിച്ചെടുത്തു വായിലിടാം. ഉമിനീരും ഈ കൂട്ടുകളും എല്ലാം ചേർന്ന് നല്ല രക്ത വർണത്തിലുള്ള തുപ്പൽ വായിൽ ഊറി വരും. കുറച്ചു നേരം വായിൽ ശേഖരിച്ചു വച്ച് ശരിയായി ആസ്വദിച്ച ശേഷം നീട്ടി തുപ്പാം. തുപ്പുന്നതിനു പല സ്റ്റയിലുകൾ ഉണ്ട്. രണ്ടു വിരൽ ചുണ്ടിൽ ചേർത്ത് വച്ച് ജെറ്റ് മാതിരി തുപ്പാം. വളരെ ദൂരേക്ക് പോകും. വിശാലമായി സ്പ്രേ ചെയ്തു തുപ്പുന്നവരുമുണ്ട്. സംസാരിക്കുന്നതിന്റെ ആവേശതിൽ പരിസരം ശ്രദ്ധിക്കാതെ തുപ്പുകൾ നടക്കും. വീട്ടിനുള്ളിലാണെങ്കിൽ കോളാമ്പിയിലേക്ക് ശേഖരിക്കുന്നതാവും നല്ലത്.
എന്റെ ചെറു പ്രായത്തിൽ മുത്തശ്ശി എവിടെങ്കിലും പോകുമ്പോൾ എന്നെ കൂടെ കൂട്ടുമായിരുന്നു. ഒരിക്കൽ ഒരു മരണ വീട്ടിൽ പോയി സന്ധ്യ കഴിഞ്ഞാണ്.. മുറിക്കകത്ത് ഒരു ബഞ്ചിൽ ജനലിനോട് ചേര്ന്നാണ് ഞാനും മുത്തശ്ശിയും ഇരുന്നത്. മുറി നിറയെ പ്രായമായ സ്ത്രീകൾ. എല്ലാവരും മുറുക്കും സംസാരവും. നാട്ടിലുള്ള സകലരുടെയും വിശേഷങ്ങളും നുണയും പരദൂഷണവും എല്ലാം തകൃതിയായി നടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ജനലിൽ കൂടി ഓരോരുത്തരായി പുറത്തേക്കു തുപ്പുന്നുണ്ട്. ഇടയ്ക്കു ഞാൻ ഇരുന്നു ഉറങ്ങി. പിന്നീട് തിരിച്ചു വീട്ടിലെത്തി ഉടുപ്പൂരിയപ്പോഴാണ് കണ്ടത് ഉടുപ്പ് നിറയെ നല്ല ഡിസൈൻ.
മുത്തശ്ശിയുടെ കട്ടിലിന്റെ കീഴിൽ ഒരു മുറുക്കാൻ ചെല്ലവും, കോളാമ്പിയും, ഇടികല്ലും ഇപ്പോഴും ഉണ്ടാവും. മുറുക്കാൻ ചെല്ലത്തിൽ പാക്ക് വെട്ടി, ചുണ്ണാമ്പു കരണ്ടകം, വെറ്റില, പുകയില, വാസന പൊയില, ഇവയൊക്കെ കാണും. എനിക്ക് ഓര്മ്മയായ കാലം മുതലേ മുത്തശ്ശിക്ക് പല്ലൊന്നും ഉണ്ടായിരുന്നില്ല. വെറ്റിലയും അടക്കതുണ്ടുകളും എല്ലാം ചേർത്ത് ഇടി കല്ലിൽ ഇടിച്ചാണ് വായിലിടുന്നത്. പുകയില ചെറിയ കഷണങ്ങളാക്കി മോണകൊണ്ട് അമർത്തി ചവക്കും. അറിഞ്ഞൂട്ടിയ പൊയില കടയിലൽ കിട്ടും. പുകയില പൊടിയായി അരിഞ്ഞു അതിൽ വാസനയും മധുരവും എല്ലാം ചേർത്ത് ഉണങ്ങിയ വാഴപ്പോലയിൽ പൊതിഞ്ഞു കെട്ടിയാണ് വരുന്നത്. വാസന പൊയില എന്ന് പറയും.ഏതോ കമ്പനി ലേബലും കാണും. അല്ലെങ്കിൽ ഇതിന്റെ റെസിപി മുത്തശ്ശിക്ക് അറിയാമായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കും. നല്ല മധുരമാണ്. ഒരിക്കൽ ഞാൻ വാരി തിന്നു ശർദ്ദിച്ചു വലിയ പ്രശ്നമായതു ഓര്ക്കുന്നു. ഏതാണ്ട് വലിയ അസുഖമാണെന്ന് പറഞ്ഞു വൈദ്യന്റെ അടുത്ത് കൊണ്ട് പോയി. വായ മണത്തപ്പോൾ തന്നെ വൈദ്യന് മനസ്സിലായി.
മുത്തശ്ശിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കുന്നത് ഞങ്ങളുടെ അവകാശമായിരുന്നു. മിക്കവാറും അതെ ചൊല്ലി അവകാശ തര്ക്കവും അടിപിടിയും കരച്ചിലും എല്ലാം ഉണ്ടാകും. മുറുക്കാൻ വായിലിട്ടു മോണ കൊണ്ട് ചവച്ചു കൊണ്ട് രാത്രി ഉറങ്ങുന്നത് വരെ പുരാണ കഥകൾ പറഞ്ഞു തരുമായിരുന്നു. എല്ലാ പുരാണ കഥകളും വളരെ വിശദമായി കൃത്യതയോടെ എങ്ങിനെ മനസ്സിലാക്കി വച്ചിരുന്നു എന്ന് ഇപ്പോൾ അത്ഭുതപ്പെടാറുണ്ട്. സ്കൂൾ വിദ്യാഭ്യാസം ഒന്നും കിട്ടിയിട്ടില്ലാത്ത മുത്തശ്ശി രാമായണവും ഭാഗവതവും പത്രവും എല്ലാം വായിക്കുമായിരുന്നു. അങ്ങിനെ ചെറുപ്പത്തിലേ പുരാണ കഥകളും പുരാണ കഥാപാത്രങ്ങളും എല്ലാം എനിക്ക് വളരെ പരിചിതമായിരുന്നു.
ബീഡി, സിഗരറ്റ്, പൊടി ഒക്കെ വന്നതോടെ മുറുക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. മുറുക്കിന്റെ അസൌകര്യങ്ങളും പുതിയ ജീവിത രീതികളുടെ സ്വാധീനവും ഒക്കെ മുറുക്കിനെപുറം തള്ളി.. വടക്കേ ഇന്ത്യയീൽ പാൻ, മസാല പാൻ ഒക്കെ കണ്ടിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. കേരളത്തിലും ഇപ്പോഴും ഈ ശീലം നിലവിലുണ്ടെന്ന് ഞാൻ ഒരു വലിയ ഓഫീസിൽ പോയപ്പോഴാണ് മനസ്സിലായത്. അഞ്ചു നിലകളുള്ള വലിയ ഓഫീസ് കെട്ടിടം. ഓരോ സ്റ്റെയർ ലാന്റിംഗ് ലും ഉള്ള മൂലകളിൽ എല്ലാം മുറുക്കി തുപ്പി വച്ചിരിക്കുകയാണ്. ടോയിലെറ്റിലും ഇത് തന്നെ. വൃത്തി ബോധം സ്വന്തം വീട്ടില് വച്ചിട്ടാണ് നമ്മൾ ഇറങ്ങുന്നത്. നാട് നാശമായാൽ നമുക്കെന്താ. ഇപ്പോൾ സൽക്കാരങ്ങൾക്കൊന്നും മുറുക്കാനും സിഗരട്ടുമോന്നും കൊടുക്കാറില്ല.
നമ്മുടെ പൂർവികരുടെ വളരെക്കാലം നിലനിന്ന ശീലം.

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

വിരുദ്ധാഹാരം

വിരുദ്ധാഹാരം
>>>>>>>>>>>>><<<<<<<<<<
ഓരോ നാട്ടിലും അവിടെ ലഭ്യമായ ഭക്ഷണ സാധനങ്ങൾ പാകപ്പെടുത്തുന്നതിനും ഭക്ഷിക്കുന്നതിനും എല്ലാം ചില ചിട്ടകൾ ഉണ്ടാക്കിയിട്ടുണ്ട്. പരിചയം കൊണ്ടും പരമ്പരാഗതമായി നേടുന്ന അറിവ് കൊണ്ടും ഭക്ഷ്യ യോഗ്യമായതും അല്ലാത്തതും ആയ പദാർഥങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അവ എങ്ങിനെ എപ്പോൾ കഴിക്കാമെന്നും നിഷ്കർഷിച്ചിട്ടുണ്ട് . ആഹാരത്തിന്റെ അളവ്, കഴിക്കുന്ന സമയം, സ്ഥലം, ഇവയൊക്കെ പ്രധാനമാണ്.
ആഹാരം കാഴ്ചയ്ക്ക് ഹിതകരമായിരിക്കണം. ആഹാരത്തിന്റെ മണം രുചി ഇവയെല്ലാം പ്രധാനമാണ്. ശരീരതിനാവശ്യമായ പോഷകങ്ങൾ സമീകൃതമായി ലഭിക്കണം. അദ്ധ്വാനത്തിനനുസരിച്ചു ആഹാരം ക്രമപ്പെടുത്തണം. .കഴിക്കുമ്പോൾ മനസ്സ് ശാന്തമായിരിക്കണം. ഭക്ഷണം ശ്രദ്ധിച്ചു ആസ്വദിച്ചു കഴിക്കണം. ആമാശയത്തിലുള്ള അളവിനെ നാലായി ഭാഗിച്ചാല്‍ അതില്‍ 2/4 ഭാഗം മാത്രമേ ഖര ആഹാരംകൊണ്ട്‌ നിറയ്‌ക്കേണ്ടതുള്ളു. 1/4 ഭാഗം ജലത്തിനായും 1/4 ഭാഗം പചന പ്രക്രിയ സുഖപ്രദമാക്കുന്നതിനും വായുവിന്റെ സഞ്ചാരത്തിനായും വിധിച്ചിരിക്കുന്നു.
ശരീരം ചൂടായിരിക്കുമ്പോൾ കുറച്ചു നേരത്തേക്ക് തണുത്ത വെള്ളം കുടിക്കരുത്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് . ഉപ്പു എരിവു പുളി തുടങ്ങിയവ പാകത്തിനായിരിക്കണം. വേവ് പാകമായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഓരോ സമയങ്ങളിൽ കഴിക്കാവുന്ന ഭക്ഷണത്തിനും അളവിനും ക്രമീകരണങ്ങൾ ഉണ്ട്. ഭക്ഷണം കഴിഞ്ഞാൽ ഉടനെ അദ്ധ്വാനമുള്ള ജോലി അരുത്. രാത്രി ഭക്ഷണം കഴിഞ്ഞാൽ ഉടനെ ഉറങ്ങരുത്. പാകം ചെയ്‌ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ്‌ നന്ന്. അമിതവേഗത്തിലും, അധികം സമയം എടുത്തുള്ള ആഹാരസേവയും ദോഷകരങ്ങളാണ്‌.
ചില പദാർഥങ്ങൾ ചേർത്ത് കഴിക്കുമ്പോൾ വിഷമയമാകുമെന്നും പല ദൂഷ്യങ്ങൾ ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞിരുന്നു. അങ്ങിനെയുള്ള combination നെ വിരുദ്ധാഹാരങ്ങൾ എന്ന് പറയുന്നു. "വിരുദ്ധ മപിച ആഹാരം വിദ്യാവിഷഗരോപമം'' (അഷ്ടാംഗ ഹൃദയം). വിരുദ്ധ ആഹാരം തുടർച്ചയായി കഴിക്കുന്നത് വിഷം പോലെ ഉപദ്രവകാരിയാണ്..രോഗ പ്രതിരോധ ശേഷിക്കു മങ്ങലേല്പിചെക്കാം. കാരണം കണ്ടുപിടിക്കാനാകാത്ത രോഗങ്ങള്ക്ക് കാരണമായേക്കാം. ആഹാര കാര്യത്തിൽ മതിയായ ശ്രദ്ധ നല്കാത്തതാണ് പല രോഗാവസ്ഥകൾക്കും കാരണം.
വിരുദ്ധാഹാരികള്‍ ക്രമേണ വാതം, ത്വക്ക്, ഉദര രോഗങ്ങള്ക്ക് അടിമപ്പെടുമത്രേ. അങ്ങിനെയുള്ള ധാരാളം വിരുദ്ധാഹാരങ്ങളുടെ combination നുകൾ ഉണ്ട്. ചില ഉദാഹരണങ്ങൾ മാത്രം :-
• പാലിനോടൊപ്പം പുളി ഉള്ള ആഹാരങ്ങളോ, പഴങ്ങളോ വിരുദ്ധമാണ്; നല്ല പഴുത്ത മധുരമുള്ള പഴങ്ങൾ വിരുദ്ധമല്ല.
• മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്.
• മത്സ്യമാംസാദികളോടൊപ്പം പാൽ ഉൽപ്പന്നങ്ങൾവിരുദ്ധങ്ങളാണ്
• പല മാംസങ്ങൾ ഒന്നിച്ച് ഉപയോഗിക്കുന്നത് വിരുദ്ധമാണ്.
• തൈര്, പാൽ, തേൻ ഇവ ഏതെങ്കിലും ഒന്നിച്ച് ചേർത്ത് കഴിക്കരുത്
• തേനും ഉഴുന്നും വിരുദ്ധ ആഹാരമാണ്.
• കൂണും, മോരും ഒന്നിച്ചുപയോഗിക്കാൻ പാടില്ല.
• തേന്‍ , നെയ്യ്, എണ്ണ, വെണ്ണ – ഇവയില്‍ രണ്ടെണ്ണമോ അതിൽ കൂടുതലോ തുല്യമായി ചേര്ത്താുൽ വിഷമാണ്.
• തണുത്തതും ചൂടുള്ളതുമായ ആഹാരം ഒരുമിച്ച്‌ ചേര്ക്കു ന്നതും വിരുദ്ധമാണ്.
• കൊഴുപ്പുള്ള ആഹാരത്തോടൊപ്പം തണുത്ത വെള്ളം അരുത്.
• തേൻ ചൂടാക്കി കഴിക്കുകയോ ചൂടുള്ള ആഹാര സാധനത്തിൽ തേൻ ഒഴിച്ചു കഴിക്കുകയോ അരുത്
ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാര ശീലങ്ങളും, ജീവിതശൈലിയും പാശ്‌പാത്യ ഭക്ഷണരീതിയും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പാരമ്പര്യ ആഹാര ശൈലിയിൽ നിന്നും വിട്ടു പോകുന്നത് വളരെ ദോഷം ചെയ്യും.
(Photo Google)